സാമൂതിരിയുടെ തട്ടകമാണ് കോഴിക്കോട്. ചരിത്രം ഉറങ്ങുന്ന നഗരം. വൈദേശികാധിപത്യത്തിന്‍റെയും ശക്തമായ പോരാട്ടങ്ങളുടെയും വാണിജ്യപ്പെരുമയുടെയും കഥകള്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂമിക. മലബാറിന്റെ പൊതുസിരാകേന്ദ്രമാണ് കോഴിക്കോട്. ഒരുപാട് സവിശേഷതകള്‍ നിറഞ്ഞു നില്‍ക്കുന്നു കോഴിക്കോടിന്റെ തനിമ.
1498-ല്‍ വാസ്ഗോഡിഗാമ കപ്പല്‍ ഇറങ്ങിയത് കോഴിക്കോട് കാപ്പാട് ബീച്ചിലാണ്. കോഴിക്കോടിന്റെ വാണിജ്യപ്പെരുമക്ക് അത്രമേല്‍ പഴക്കമുണ്ട്.
സാ മൂതിരിയുടെ പടത്തലവന്‍മാരായ കുഞ്ഞാലി മരക്കാര്‍ മാരുടെ വീരസാഹസിക കഥകളുടെ മണ്ണും കോഴിക്കോട് തന്നെ.
കോഴിക്കോടിന്റെ നഗര സിരാകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മാനാഞ്ചിറ മൈതാനം നാടിന്റെ അടയാളമാണ്. അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് എന്ന് കേള്‍ക്കു മ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക മാനാഞ്ചിറ മൈതാനമാണ്. കോഴിക്കോടിന്റെ പ്രൌഡി വിളിച്ചോതുന്ന മാനാഞ്ചിറ, നഗരത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ വിശ്രമ ഇടംകൂടിയാണ് . ഉച്ച കഴിഞ്ഞാല്‍ മാനാഞ്ചിറ സജീവമാവുകായായി. പിന്നെ രാവേറെ ചെല്ലുവോളം അവിടം ജനനിബിഡമാകും.
ആദ്യം മാനാഞ്ചിറ വെറുമൊരു മൈതാനം മാത്രമായിരുന്നു. മൈതാനത്തെ മുറിച്ചു കടന്നു പോകുന്ന പാതയും കുറെ വന്‍ തണല്‍ മരങ്ങളും. അടുത്തകാലത്ത് മാനാഞ്ചിറമൈതാനം പാര്‍ക്കായി മാറ്റിയപ്പോള്‍ അവിടെ അതിരുകള്‍ തീര്‍ത്തു ഭദ്രമാക്കി. വിശാലമായ മൈതാനം, അതിന്റെ നടുവില്‍ കല്ലുകളില്‍ കൊത്തിവച്ച ശില്പചാതുരി. പിന്നെ അല്പം തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശ്രമ കേന്ദ്രം, സന്ദര്‍ശകര്‍ക്ക് കൌതുകം പകര്‍ന്നു തല ഉയര്‍ത്തി നില്‍ക്കുന്ന ദിനോസര്‍ പ്രതിമ. ബാക്കി പരന്നു കിടക്കുന്ന കുളം. ഇതാണ് ഇപ്പോഴത്തെ മാനാഞ്ചിറ മൈതാനം.
കോഴിക്കോടട്ടുകാര്‍ക്ക് പുറമേ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മാനാഞ്ചിറയുടെ സാമീപ്യം തേടിയെത്തുന്നു. കോഴിക്കോട് എന്തെങ്കിലും ആവശ്യത്തിനു വന്നാലും എല്ലാവരും ഇവിടം ഒന്ന് വരാതെ പോകില്ല. അത്രമേല്‍ ആകര്‍ഷകമാണ് മാനാഞ്ചിറ മൈതാനം.
മുതിര്‍ന്ന പൌരന്മാരുടെ സൊറ പറച്ചിലിന്റെ സജീവ വേദിയായിരുന്നു അല്പപകാലം മുന്‍പ് വരെ മാനാഞ്ചിറയുടെ മണ്ണ്. സായാഹ്നങ്ങളില്‍ ആകാശത്തിനു താഴെയുള്ള സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടായ്മയായിരുന്നു അത്. ഇന്ന് ഈ കൂട്ടായ്മ അത്ര സജീവമല്ല. അന്നത്തെ സൊറ പറച്ചില്‍കാരില്‍ പലരെയും ഇപ്പോള്‍ കാണാനില്ല. അതുകൊണ്ടുതന്നെ ഈ നാട്ടുകൂട്ടം ഇന്നത്ര ശക്തവുമല്ല..
കോഴിക്കോടിന്റെ മറ്റൊരു സുകൃതമാണ് മിഠായിതെരുവ്. പാളയത്തില്‍ നിഒന്നു തുടങ്ങി റെയില്‍വേ സ്റ്റേഷന്‍ വരെ നീണ്ടു കിടക്കുന്ന മിഠായി തെരുവ് കോഴിക്കോടിന്റെ വാണിജ്യ സിരാകേന്ദ്രമാണ്. വളരെയേറെ ജനത്തിരക്കേറിയ നഗരകേന്ദ്രംകൂടിയാണ് ഇവിടം.മിഠായിത്തെരുവിലെ ഞായറാഴ്ച വാണിജ്യം പ്രസിദ്ധമാണ്. ലോകത്തുള്ള എല്ലാ വസതുക്കളുടെയും കച്ചവടകേന്ദ്രമാണ് അന്നവിടം. കോഴിക്കോട് വരുന്നവര്‍ മിഠായിതെരുവിലെ കച്ചവടപ്പെരുമയും കണ്ടറിഞ്ഞേ മടങ്ങൂ.
കോഴിക്കോടിന്റെ മറ്റൊരു പെരുമ ഹലുവയാണ്. കോഴിക്കോടന്‍ ഹലുവ വളരെയേറെ സ്വാദിഷ്ടമാണ്. ഈ കോഴിക്കോടന്‍ ഹലുവയുടെ സ്വാദറിയാന്‍ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കോഴിക്കോട്ടെത്തും. .