Powered By Blogger

2014, ജൂൺ 24, ചൊവ്വാഴ്ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ : ഓണ്‍ലൈന്‍ വായനയുടെ നവ വസന്തം 


ലക്കം :  40

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

 *******************************************************************************

മുഖക്കുറിപ്പ്‌ 

ഉപവാസം നല്‍കുന്ന അനുഭൂതി 

ചെമ്മാണിയോട് ഹരിദാസന്‍ 

 ഉപവാസം എന്നത് പട്ടിണിയല്ല. ആഹാരം ലഭ്യമല്ലാത്ത അവസ്ഥയാണ് പട്ടിണി. എന്നാല്‍ ആഹാരം ലഭ്യമായിട്ടും അത് സ്വമനസ്സാലെ   വര്‍ജ്ജിക്കുന്നതാണ് ഉപവാസം.  ശുദ്ധജലം മാത്രം കുടിച്ചു ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം തീര്‍ത്തും ഒഴിവാക്കുക എന്നതാണ്   ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഉപവാസത്തിന് മനസ്സു അനുവദിക്കുന്ന ആര്‍ക്കും തയ്യാറാകാം. എന്നാല്‍ ഒരു വിദഗ്ദ ചികിത്സകന്റെ സഹായത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാന്‍. ഒരു പകലോ രാത്രിയോ പകലും രാത്രിയും കൂടിയോ അതിലേറെയോ സമയമോ ഓരോരുത്തരുടെയും  ആരോഗ്യാവസ്ഥക്ക് അനുസൃതമായി  ഉപവസിക്കാം.ഉപവാസ സമയത്ത് കഠിന ജോലികള്‍ ചെയാന്‍ പാടില്ല. വിശ്രമമാണ് അഭികാമ്യം.  പഴച്ചാര്‍പോലുള്ള ലളിതമായ പാനീയങ്ങള്‍ കഴിച്ചു വേണം ഉപവാസം അവസാനിപ്പി\ക്കാന്‍.  ഉപവാസം നിര്‍ത്തിയാല്‍ ഉടന്‍ കട്ടിയാഹാരം കഴിക്കരുത്. ക്രമേണ വേണം സാധാരണ ഭക്ഷണത്തി ലേക്ക് വരാന്‍.

 ഉപവാസം മൂലം  ആന്തരിക അവയവങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നു. ഇതുവഴി മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം കൈവരുന്നു. ഈ അവസ്ഥയാണല്ലോ ആരോഗ്യം എന്ന് പറയുന്നതും. രക്ത ശുദ്ധി മൂലം ഉപവാസം കൊണ്ട് മനസിനും ശരീരത്തിനും ഒരു പ്രത്യേക ചൈതന്യം ലഭ്യമാകുന്നു. ഉപവാസം കൊണ്ട് ഉണ്ടാകുന്ന  അനുഭൂതി അവര്‍ണ്ണനീയമാണ്. 

അനിയന്ത്രിതമായ ആഹാര ശീലം മനുഷ്യന്റെ ദൌര്‍ബല്യമായിമാറിയ കാലമാണിത്. അഭൂതപൂര്‍വ്വമായ രോഗങ്ങള്‍ക്കുള്ള കാരണവും മറ്റൊന്നല്ല. ഭൂമിയില്‍ മറ്റു ജീവജാലങ്ങള്‍ വിശപ്പ്‌ മാറിയാല്‍ ആഹരിക്കാത്ത അവസ്ഥ നിലനില്‍ക്കുമ്പോഴും മനുഷ്യന്‍ ദഹനക്കേട്പോലുള്ള അവസ്ഥയിലും ആഹാരം വാരിവലിച്ചു തിന്നുന്നു.  മറ്റു ജീവജാലങ്ങള്‍ രോഗങ്ങള്‍ വരുമ്പോള്‍ ഉപവസിക്കുന്നു എന്നതും മനസ്സിലാക്കണം.  അമിത ഭക്ഷണം ക്ഷീണം ഉണ്ടാക്കുന്നു. എന്നാല്‍ മിതാഹാരം ഉന്മേഷം നല്‍കുന്നു. പകല്‍ മുഴുവനും ആഹാരം കഴിക്കുന്ന മനുഷ്യന്‍ വൈകുന്നേരമാകുമ്പോഴേക്കും പൂ പോലെ വാടുന്നു. എന്നാല്‍ രാത്രി ആഹാരം കഴിക്കാത്തതിനാല്‍ രാവിലെ എണീക്കുമ്പോള്‍ പ്രത്യേക ഉന്മേഷം ഉണ്ടാകുന്നു.  അമിതമായ ഇന്നത്തെആഹാരശീലവും  രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം തന്നെയാണ്. ഇതുമൂലം അന്തരിക അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാതിരിക്കുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയില്‍  രോഗശമനത്തിനു ആന്തരിക അവയ്വങ്ങളുടെ വിശ്രമം അനിവാര്യമാണ്. ഇവിടെയാണ്‌ ഉപവാസത്തിന്റെ പ്രസക്തി. 

ലോകത്ത്കോടിക്കണക്കിനു ആളുകള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ അമിതമായി ആഹാരം കഴിച്ചു ധൂര്‍ത്ത്ഉണ്ടാക്കുന്നത് ഒരിക്കലും അഭിലഷണീയമല്ല. ആഹാരം മിതം സുഖം എന്നാണു പ്രമാണം.  

O

കവിത 

ഭക്തി 

ചെമ്മാണിയോട് ഹരിദാസന്‍ 

നെറ്റിനിറയെ 

വര്‍ണ്ണക്കുറികള്‍

മനസ്സു നിറയെ 

ക്രൂര ചിന്തകള്‍.

(ഇന്ന് മാസികയുടെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ദീകരിച്ചത്. )

അഭിപ്രായങ്ങളൊന്നുമില്ല: